Friday, December 01, 2006

ലാസ് വെഗാസ് 2

പറന്നിറങ്ങുമ്പോള്‍ ചുറ്റുപാടും കാണാവുന്ന ദൂരത്തില്‍ മറ്റു പ്രമുഖ നഗരങ്ങളൊന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ചുറ്റും നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന മരുഭൂമിയും, മലനിരകളും..ഇത്‌ കീശനിറയെ പണവുമായി ഇറങ്ങി നടന്നാല്‍, ലോകത്തില്‍ കിട്ടാവുന്ന ഏതു സുഖവും പണം കൊടുത്തു വാങ്ങാമെന്ന്‌ അഹങ്കരിക്കുന്ന മനുഷ്യരുടെ നഗരം. ദിവസവും ഇരുട്ടി വെളുക്കുമ്പോള്‍ പണം കൊണ്ടു മൂടപ്പെടുന്ന നഗരം.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും വര്‍ണ്ണങ്ങളും തീര്‍ത്ത മായിക ലോകത്തില്‍ എല്ലാവര്‍ക്കും അവനവനിഷ്ടപ്പെടുന്ന തരം ആകര്‍ഷണങ്ങളുണ്ട്‌. റോളര്‍ കോസ്റ്ററുകളും, മോഷന്‍ സിമുലേറ്ററുകളും, സര്‍ക്കസും, ബാലേകളും മുതല്‍ പ്രായമായവര്‍ക്കു മാത്രമുള്ള ഷോകള്‍ വരെ ഇവിടെ കിട്ടും. എല്ലാവരുടേയും അഭിരുചിക്കനുസരിച്ചുള്ള ഇനങ്ങള്‍ ഒരു വീഥിക്കിരു വശവും ലഭ്യമാണെന്നതു തന്നെയാണ്‌ ഈ നഗരത്തിന്റെ പ്രത്യേകതയും ആകര്‍ഷണവും..

പ്രണയിക്കുന്നവര്‍ക്കു ഒന്നു ചേരാനും, ഒന്നു ചേര്‍ന്നവര്‍ക്കു മധുവിധു ആഘോഷിക്കാനും, വഴിപിരിഞ്ഞവര്‍ക്കും, ഏകാന്ത പഥികര്‍ക്കും എല്ലാം മറക്കാനും, സ്വയം മറന്നിരിക്കുമ്പോള്‍ പുതിയ വഴികള്‍ കണ്ടെത്താനും, എല്ലാം ഈ നഗരം വഴിയൊരുക്കുന്നു. മിക്ക ഹോട്ടലുകളിലും വിവാഹം കൊണ്ടാടാന്‍ വന്‍ തിരക്കാണിവിടെ. ഇവിടത്തെ പ്രശസ്തമായ ബാച്ചിലര്‍ പാര്‍ട്ടികള്‍ കൊണ്ടാടാന്‍ അമേരിക്കയുടെ അങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാര്‍ തിരഞ്ഞെടുകുന്നതും ഈ സുന്ദരിയെ തന്നെ..

പകലുറങ്ങി, രാത്രി ഉണരുന്ന നിശാ സുന്ദരിയെ കാണേണ്ട സമയത്തിന്റെ കാര്യത്തില്‍ സംശയമുണ്ടോ? ഇതാ ചില രാത്രി ദൃശ്യങ്ങള്‍..

The Mirage ഹോട്ടലിനു മുന്നിലെ വെള്ളച്ചാട്ടം..


സ്ട്രാറ്റോസ്ഫിയര്‍ ഹോട്ടലിന്റെ ടവര്‍. വെഗാസ്‌ സ്‌ട്രിപ്പിന്റെ ഒരറ്റത്തുള്ള ഈ ടവറിന്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച അതി മനോഹരമാണ്‌. മുപ്പതു സെക്കന്റില്‍ നൂറു നില കയറുന്ന അതിവേഗ ലിഫ്റ്റില്‍ കേറിയാല്‍ 107-ആം നിലയിലെ ഹോട്ടലിലും, അതിനു മുകളിലെ 109-ആം നിലയിലെ ഒബ്സര്‍വേഷന്‍ ഡെക്കിലും ചെന്നെത്താം. 1149 അടി ഉയരത്തിലുള്ള ഈ ഡെക്കാണത്രേ അമേരിക്കയിലേ ഏറ്റവും ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ഡെക്ക്‌.

ഈ ഡെക്കിനു മുകളില്‍ ധൈര്യ ശാലികളെ കാത്ത്‌ മൂന്നു ത്രില്‍ റൈഡുകള്‍ കാത്തിരിക്കുന്നുണ്ട്‌. ഇന്‍സാനിറ്റി, എക്സ്‌-സ്ക്രീം, ബിഗ്‌ ഷോട്ട്‌ എന്നു പേരിട്ടു വിളിക്കുന്ന ഇവ കയറുന്നവരുടെ ധൈര്യം ശരിക്കും പരീക്ഷിക്കും. 3 ജി ശക്തിയില്‍, എഴുപതു ഡിഗ്രി കോണില്‍ ടവറില്‍ നിന്നും പുറത്തേക്കു തൂങ്ങിക്കിടന്നു വട്ടത്തില്‍ കറങ്ങുന്ന ഇന്‍സാനിറ്റി, ചെരിഞ്ഞു കരങ്ങുന്ന ഒരു സ്ലിംഗ്‌ റൈഡാണ്‌. ഇനി ഇതു പോരെന്നുള്ളവര്‍ക്കു ടവറില്‍ നിന്നും ഇരുപത്തേഴടി പുറത്തേക്ക്‌ തുറന്ന വാഹനത്തിലിരുത്തി ഉന്തിയിടുന്ന എക്സ്‌-സ്ക്രീം പരീക്ഷിക്കാം. ചെരിഞ്ഞ റെയിലിങ്ങില്‍ നിന്നും ഓടി വന്നു ബില്‍ഡിങ്ങിന്റെ പുറത്തേക്കു തള്ളി നില്‍ക്കുന്ന അറ്റത്തു ചെന്നു ബ്രേക്കിട്ടു നിര്‍ത്തുന്ന വാഹനം, തിരിച്ചു പോക്കിനിടെ കയറുപൊട്ടിയെന്നോണം വീണ്ടും താഴേക്കു പതിക്കുമ്പോഴാണ്‌ അതിന്റെ പേര്‍ അന്വര്‍ത്ഥമാകുന്നത്‌.. ടവറിന്റേ ഏറ്റവും മുകളില്‍ ഒരു സൂചിമുന പോലെ നില്‍ക്കുന്ന നൂറ്റി അറുപതടി ഉയരത്തുള്ള ബിഗ്‌ ഷോട്ട്‌ എന്ന റൈഡില്‍ കയറിയിരിക്കുന്നയാളെ വായുവിന്റെ ബലത്തിലേറി മുകളിലേക്കു പറപ്പിക്കും.


ലാസ്‌വെഗാസ്‌ സ്‌ട്രിപ്‌, സ്ട്രാറ്റോസ്ഫിയറിന്റെ മുകളില്‍ നിന്ന്‌



നടുക്കു കാണുന്ന പിരമിഡാണ്‌ ലക്സര്‍. അതിന്റെ മുകളിലാണ്‌ മനുഷ്യ നിര്‍മ്മിതമായ, പൊതു സ്ഥലത്തുള്ള, ഏറ്റവും ശക്തിയുള്ള പ്രകാശ രശ്മി എന്ന്‌ അവര്‍ അവകാശപ്പെടുന്നു. ആകാശത്തില്‍ പത്തു കിലോമീറ്റര്‍ മുകളില്‍ ഇരുന്നു പത്രം വായിക്കാനും മാത്രം ശക്തിയുള്ളതത്രേ ഇത്‌. ലക്സറിലെ ആട്രിയം, ലോകത്തിലേ ഏറ്റവും വലിയ ആട്രിയം ആണെന്നു പറയപ്പെടുന്നു.


ട്രെഷര്‍ ഐലന്റിലെ കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍.. വൈകീട്ട്‌ ഇവിടെ പൊതുജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ ഉണ്ട്‌




എക്സ്‌കാലിബര്‍ ഹോട്ടല്‍

27 comments:

Unknown said...

അടിപൊളി പടങ്ങള്‍ ശനിയാ.
പഴയ ലാസ് വെഗാസ് യാത്ര ഓര്‍മ്മ വരുന്നു. വെഗാസ് എന്ന നിശാനഗരത്തിന്റെ മായികദൃശ്യങ്ങള്‍ ശനിയന്‍ മികവോടെ പകര്‍ത്തിയിരിക്കുന്നു.

Adithyan said...

ശനിയഗുരോ,
വിവരണം അസ്സലാവുന്നു. ചിത്രങ്ങളെക്കാള്‍ ഇഷ്ടപ്പെട്ടത് വിവരണം തന്നെ. രാത്രിയില്‍ എടുത്ത ചിത്രങ്ങള്‍ അല്ലെങ്കിലും അത്ര സുന്ദരമാവാറില്ലല്ലോ.

പിന്നെ എനിക്കിതു പോലെ ഞാന്‍ മയാമി ബീച്ചില്‍ കണ്ട കാര്യങ്ങളും അഡ്വെഞ്ചേഴ്സും ഒന്ന് വിശദീകരിച്ചെഴുതണംന്നുണ്ട്, പക്ഷെ അതെങ്ങാനും എഴുതിയാല്‍ എന്നെ ഇവിടുന്ന് പുറത്താക്കും ;)

അനംഗാരി said...

ശനിയാ നമിച്ചു. പടങ്ങള്‍ ഗംഭീരം. ഈ ചിത്രങ്ങള്‍ എന്നെ കൊതിപ്പിക്കുന്നു, എന്നെ മാടി മാടി വിളിക്കുന്നു;ലാസ് വെഗാസിലേക്ക്.പണ്ട് ടിക്കറ്റ് എടുത്തു, കരീബിയന്‍, ബഹാമാസ്.ആ‍ന്റ് ലാസ് വെഗാസിലേക്ക്.പക്ഷെ പോകാന്‍ ഒരുങ്ങുന്നതിന് മുന്‍പുള്ള ആഴ്ച അമ്മായച്ഛന്‍ മരിച്ചു.ഹൃദയസ്തംഭനം മൂലം. പിന്നെ കയ്യിലെ കാശു പോയതു മിച്ചം.

വിഷ്ണു പ്രസാദ് said...

നാലുചിത്രങ്ങളേ കണ്ടുള്ളൂ. നാലും മനോഹരം.

വേണു venu said...

ചിത്രങ്ങളാണോ വിവരങ്ങളാണോ കേമം. രണ്ടും കേമം. സൂപ്പര്‍‍.

സു | Su said...

ചിത്രങ്ങള്‍ ഒക്കെ കണ്ടു. വിവരണങ്ങളും വായിച്ചു. :)

ആദീ എന്തായാലും ഫോട്ടോ ഇടാന്‍ ധൈര്യം കാണിച്ച സ്ഥിതിയ്ക്ക് എഴുതിക്കോ. ആരെ തല്ലണം എന്ന് നോക്കി നടക്കേണ്ടല്ലോ. ആദിയെ തന്നെ കൈയില്‍ കിട്ടുമല്ലോ. ;) ഹിഹി

Adithyan said...

എല്ലാര്‍ക്കും എന്നെ തല്ലാന്‍ എന്തൊരുത്സാഹം... :)

എന്റെ ഒരു ഗതി. ഞാനിവിടെ അംബലത്തിലെ ചെണ്ട ആ‍യല്ലോ :))

സു | Su said...

അതെ അതെ. ;)

qw_er_ty

reshma said...

ആരാണിവിടെ പിഞ്ചുപൈതങ്ങളെ തല്ലുന്നേ?
സൂ‍...അടി അടി ആ.


ഓഫ്: എനിക്ക് ചിത്രങ്ങളും വിവരണവും പിടിച്ചു.

Adithyan said...

രേഷ്മേച്ചീ, എന്റെ നെഞ്ചില്‍ തന്നെ തിരുവാതിര തുടരണേ ;)

റീനി said...

ശനിയാ, എനിക്ക്‌ അവസാനത്തെ രണ്ടുചിത്രങ്ങള്‍ ആണ്‌ ഇഷ്ടപ്പെട്ടത്‌ - ആധുനീക പെയിന്റിങ്ങു പോലെ-പ്രത്യേകിച്ചും അടീന്ന്‌ രണ്ടാമത്തേത്‌. അത്‌ സംഭവം എന്താ?

ആദീ, അദീടെ തലേവര, അണ്ണാന്റെ ദേഹത്തെ വര, ഇതുരണ്ടും തൂത്താല്‍ പോകുമോ?

സു | Su said...

രേഷ് :) ഹിഹിഹി

ആദീ :) തിരുവാതിരയ്ക്ക് ഏതാ പാട്ട് എടുക്കേണ്ടത്? ;)

Adithyan said...

ഉണ്ണീ വാ വാ വോ തന്നെ ആയിക്കോട്ടെ :(

സു | Su said...

ഹിഹി ആദിയേ വേറാരും കൈവെച്ചില്ലെങ്കിലും ശനിയാഹസ്തേന താഡനം കിട്ടും ;)

ദേവന്‍ said...

നിറമുള്ള രാത്രികള്‍ വിരിയിക്കുന്ന നഗരം നല്ല കാഴ്ച്ചയായി ശനിയാ.

ലാസ്‌ വെഗാസ്‌ എന്നാദ്യം കേള്‍ക്കുന്നത്‌ പത്തിരുപതഞ്ച്‌ വര്‍ഷം പഴയ "മണി മണിയായി" പാടിയ ഒരു പഴയ പോപ്പ്‌ പാട്ടിലാണ്‌. തടിയനങ്ങി പണിയെടുത്തു തിന്നുന്നത്‌ മടുത്തു, വല്ല കോടീശ്വരനെയും കെട്ടി ലാസ്‌ വെഗാസില്‍ കറങ്ങി, ചൂതു കളിച്ചും തോന്നുന്നതു വാങ്ങിയും ജീവിക്കാന്‍ ആയെങ്കില്‍ എന്ന് സ്വപ്നം കാണുന്ന ഒരുത്തിയുടെ പാട്ട്‌. ഈ വിവരണം അതില്‍ ഫിറ്റ്‌ ആയി.
[ആരാ ആദിയെ വിരട്ടുന്നത്? എവിടെ എന്റെ വാള്‍?]

സു | Su said...

ഹിഹിഹി ഇടിവാളിന്റെ കാര്യം ആണോ ദേവന്‍ പറഞ്ഞത്?

ദേവന്‍ said...

ഇടിവാള്‍ തടിമാടന്‍ ഗ്രൂപ്പിലെ ആളാ, ഞാന്‍ പറഞ്ഞത്‌ എന്റെ വടിവാളിന്റെ കാര്യമാ.
[ശനിയനെ ഓഫില്‍ മുക്കി കൊല്ലും!]

സു | Su said...

ഈശ്വരാ... ആദീ നീ വടിവാളുള്ള ആളെയിറക്കി പേടിപ്പിക്കുകയാണല്ലേ. തല്‍ക്കാലം ഞാന്‍ പോയേക്കാം. എനിക്കെന്റെ ജീവനില്‍ കൊതിയുണ്ടായിട്ടൊന്നുമല്ല. ചേട്ടന് എന്റെ കൈകൊണ്ട് വെച്ച കഞ്ഞി മാത്രമേ ഇഷ്ടമുള്ളൂ എന്നോര്‍ത്താ. ;)

ശനിയാ ഈ മാപ്പ് എന്നത് ഇടയ്ക്കിടയ്ക്ക് പറയുന്നത് മഹാബോറാണെന്ന് ഞാന്‍ കുറച്ചുദിവസം മുമ്പ് തീരുമാനിച്ചതാ. ഒന്നായിട്ട് പറയാം. :)

nalan::നളന്‍ said...

ലാസ് വേഗാസ് , നിശാനഗരം, രാത്രിയിലുണരുന്ന വര്‍ണ്ണങ്ങള്‍. കിണ്ണം പടങ്ങളു തന്നെ.
എത്ര ഡോളറു മാറിക്കിട്ടി ശനിയാ?

ദിവാസ്വപ്നം said...

excellent pix, Shaniyan

ബിന്ദു said...

ചില ഫോട്ടോസ് കണ്ടാല്‍ ഉത്സവത്തിനു വരുന്ന ചിന്തിക്കടയില്‍ വച്ചിരിക്കുന്ന കുപ്പിവളകളുടെ കളര്‍!!എന്തു ഭംഗി.:)
qw_er_ty

ശനിയന്‍ \OvO/ Shaniyan said...

മൊഴി മാഷെ, അവള്‍ സുന്ദരിയായ ഒരു യക്ഷിയാണെന്നാ എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായം (ആശാന്റെ ഒരു അറുനൂറോളം ഡോളര്‍ വലിച്ചു കുടിച്ചതാ). നന്ദി..

ആദിയേ, അല്ലെങ്കിലേ എല്ലാവരുടേം കളിത്തട്ട് നിന്റെ നെഞ്ചിന്‍ കൂടാ.. വേണോ? :)

അനംഗാരി മാഷേ, ആ ആകര്‍ഷണമാണ് ലാസ് വേഗാസിന്റെ വിജയം! ചൂതുകളിക്കാന്‍ മൂഡുണ്ടെങ്കില്‍ “ഇത്ര പൈസ പോയാല്‍ ഞാന്‍ നിര്‍ത്തും“ എന്ന് കണക്കു കൂട്ടിയിട്ടേ പോകാവൂ എന്ന എന്റെ സുഹൃത്തിന്റെ ഉപദേശം ഉപകരിക്കും :)

വിഷ്ണുമാഷേ, നന്ദി!. ബാക്കി ചിത്രങ്ങള്‍ കാണാന്‍ പറ്റുന്നില്ലെ?

വേണു മാഷേ, നന്ദി! കഴിഞ്ഞ തവണ വിവരണം കുറഞ്ഞു എന്ന പരാതി ഇത്തവണ തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എഴുതി കുളമാക്കിയോ എന്നൊരു ചെറിയ സംശയമില്ലാതില്ല.

സൂ, നന്ദി ട്ടോ.. :)

രേഷ്മ, ഓഫിനു നന്ദി!

റീനി, നന്ദി!.. അത് ഒരു ഹോട്ടലിന്റെ (ഏതാണെന്നോര്‍മ്മ വരുന്നില്ല) റിസപ്ഷനടുത്തുള്ള മേല്‍ത്തട്ടിലെ അലങ്കാരപ്പണിയാണ്‍..

ദേവഗുരോ, വളരെ നന്ദി! മണിയുടെ പാട്ട് നാടന്‍ പാട്ടാണെന്നാണല്ലോ വെപ്പ്.. അതില് ലാസ് വെഗാസും കേറിയോ? മണികാല വൈഭവം! :)

നളനണ്ണാ, നന്ദി! രാത്രി വര്‍ണ്ണങ്ങളല്ലേ ലാസ് വെഗാസില്‍ കാണേണ്ടത്? ;)

ദിവാന്‍‌ജീ, നന്ദി!

ബിന്ദു, അതൊരു വര്‍ണ്ണങ്ങളുടെ മായാപ്രപഞ്ചം തന്നെയാ.. ഇടക്കൊരു വിസിറ്റിനിറങ്ങൂ..


ഇനി, കഴിഞ്ഞ രണ്ടു പോസ്റ്റിലും ആയി പലരും ചോദിച്ച ചോദ്യം : കാസിനോയില്‍ കിട്ടിയ/പോയ കാശിന്റെ കണക്ക്.. 0/0. ചൂതുകളിക്കിലെന്നുറപ്പിച്ചാ പോയത്. അതങ്ങനെ തന്നെ പാലിക്കുകയും ചെയ്തു. കാസിനോയില്‍ പലവട്ടം കേറുകയും,വഴി തെറ്റുകയും ചെയ്തെങ്കിലും, ആ കിലുക്കം സൃഷ്ടിക്കുന്ന മായയില്‍ പെട്ടില്ല. അതിനു പകരം, ആ കാശുകൊണ്ട് ഗ്രാന്റ് കാന്യന്‍ കാണാന്‍ പോയി.. ആകാശത്തിലൂടെ പറന്നും, സൌത്ത് റിമ്മില്‍ ഗൈഡഡ് ടൂറും. കാന്യന്‍ ഇനി കാണാന്‍ പോകുന്നവര്‍ ഹെലിക്കോപ്റ്റര്‍ ടൂര്‍ എന്തായാലും നടത്തണേ. കാന്യന്റെ ശരിക്കുമുള്ള സൌന്ദര്യം ആകാശത്തു നിന്നാ കാണേണ്ടത്.. പ്രകൃതി എത്ര നല്ല കലാകാരിയാനെന്നും, വെള്ളത്തിന് എന്തു ചെയ്യാന്‍ കഴിയും എന്നും കാണിച്ചു തരാന്‍ ഇത് ധാരാളം. ഇവിടെ വന്നപ്പോള്‍ തൊട്ടു പ്ലാനിട്ടിരുന്നതാണ് ഇതു കാണണമെന്ന്.. പക്ഷേ, ഇത്തവണ തിരഞ്ഞെടുത്ത ദിവസം തെറ്റിപ്പോയി. ദിവസം മുഴുവന്‍ സൂര്യനെ കണ്ടില്ല. കൂടാതെ 29 ഡിഗി (ഫാരന്‍‌ഹൈറ്റ്)ചൂടും. നെവാഡയുറ്റെ ചൂടു കണ്ട് ഗ്ലൌസും തൊപ്പിയും എടുക്കാതെ ജാക്കറ്റു മാത്രം കരുതിപ്പോയ ഞങ്ങള്‍ ഇത്തിരി കഷ്ടപ്പെട്ടു. കാന്യനില്‍ നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റും, വേദനിക്കുന്ന ചെവിയും, മരവിച്ച മുഖവും, പുറത്തെടുത്താ‍ല്‍ മരക്കട്ടയാവുന്ന കയ്യും.. ഒന്നും കാര്യമായി ചെയ്യാന്‍ പറ്റിയില്ല.. സമ്മറില്‍ എപ്പൊഴെങ്കിലും ഒന്നു കൂടി പോകണം.

myexperimentsandme said...

ഗൌതം ഗംഭീരം. എക്സ് കാലിബര്‍ ഹോട്ടലൊക്കെ തകര്‍ത്തു. ഉഗ്രന്‍ പടങ്ങളും വിവരണവും.

ലാസ് വെഗാസില്‍ പോയി കാശൊക്കെ കളഞ്ഞിട്ട് ഒരണ്ണന്‍ പറഞ്ഞത് ആ സ്ഥലത്തിന്റെ പേര് ലോസ് വേജസ് എന്നാണെന്നാണ്.

രാജ് said...

ഓഷ്യന്‍സ് ഇലവന്‍
...ട്വല്‍‌വ്
ഇനീപ്പോ തര്‍ട്ടീന്‍ വരാന്‍ പോണ്‌ണ്ടത്രെ, അതില് അല്‍ പാച്ചീനോ അഭിനയിക്കുന്നുണ്ടു്.

വെഗാസ് കാഴ്ചകള്‍ അസ്സലായി ശനിയാ, എനിക്കാ നഗരം ഹോളിവുഡ് ഫ്ലിക്കുകളിലൂടെയാ പരിചയം.

സ്നേഹിതന്‍ said...

ഈ ചിത്രങ്ങളും മനോഹരം.

ഗ്ലാസ്സില്‍ തീര്‍ത്ത പുഷ്പങ്ങള്‍ മുമ്പും കുറേ നോക്കി ആസ്വദിച്ചിട്ടുണ്ട്; ഇപ്പോഴും.

Unknown said...
This comment has been removed by a blog administrator.
Unknown said...

ശനിയാ,
ലാസ് വെഗാസ്സ് ചിത്രങ്ങള്‍ അടിപൊളി!