Tuesday, December 26, 2006

അസ്തമയം പടിഞ്ഞാറ്‌..

കാപ്പിറ്റോളില്‍ ഒരു സന്ധ്യ..

When she saw her lord, she blushed"1/80 @ എഫ് 4

Friday, December 01, 2006

ലാസ് വെഗാസ് 2

പറന്നിറങ്ങുമ്പോള്‍ ചുറ്റുപാടും കാണാവുന്ന ദൂരത്തില്‍ മറ്റു പ്രമുഖ നഗരങ്ങളൊന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ചുറ്റും നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന മരുഭൂമിയും, മലനിരകളും..ഇത്‌ കീശനിറയെ പണവുമായി ഇറങ്ങി നടന്നാല്‍, ലോകത്തില്‍ കിട്ടാവുന്ന ഏതു സുഖവും പണം കൊടുത്തു വാങ്ങാമെന്ന്‌ അഹങ്കരിക്കുന്ന മനുഷ്യരുടെ നഗരം. ദിവസവും ഇരുട്ടി വെളുക്കുമ്പോള്‍ പണം കൊണ്ടു മൂടപ്പെടുന്ന നഗരം.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും വര്‍ണ്ണങ്ങളും തീര്‍ത്ത മായിക ലോകത്തില്‍ എല്ലാവര്‍ക്കും അവനവനിഷ്ടപ്പെടുന്ന തരം ആകര്‍ഷണങ്ങളുണ്ട്‌. റോളര്‍ കോസ്റ്ററുകളും, മോഷന്‍ സിമുലേറ്ററുകളും, സര്‍ക്കസും, ബാലേകളും മുതല്‍ പ്രായമായവര്‍ക്കു മാത്രമുള്ള ഷോകള്‍ വരെ ഇവിടെ കിട്ടും. എല്ലാവരുടേയും അഭിരുചിക്കനുസരിച്ചുള്ള ഇനങ്ങള്‍ ഒരു വീഥിക്കിരു വശവും ലഭ്യമാണെന്നതു തന്നെയാണ്‌ ഈ നഗരത്തിന്റെ പ്രത്യേകതയും ആകര്‍ഷണവും..

പ്രണയിക്കുന്നവര്‍ക്കു ഒന്നു ചേരാനും, ഒന്നു ചേര്‍ന്നവര്‍ക്കു മധുവിധു ആഘോഷിക്കാനും, വഴിപിരിഞ്ഞവര്‍ക്കും, ഏകാന്ത പഥികര്‍ക്കും എല്ലാം മറക്കാനും, സ്വയം മറന്നിരിക്കുമ്പോള്‍ പുതിയ വഴികള്‍ കണ്ടെത്താനും, എല്ലാം ഈ നഗരം വഴിയൊരുക്കുന്നു. മിക്ക ഹോട്ടലുകളിലും വിവാഹം കൊണ്ടാടാന്‍ വന്‍ തിരക്കാണിവിടെ. ഇവിടത്തെ പ്രശസ്തമായ ബാച്ചിലര്‍ പാര്‍ട്ടികള്‍ കൊണ്ടാടാന്‍ അമേരിക്കയുടെ അങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാര്‍ തിരഞ്ഞെടുകുന്നതും ഈ സുന്ദരിയെ തന്നെ..

പകലുറങ്ങി, രാത്രി ഉണരുന്ന നിശാ സുന്ദരിയെ കാണേണ്ട സമയത്തിന്റെ കാര്യത്തില്‍ സംശയമുണ്ടോ? ഇതാ ചില രാത്രി ദൃശ്യങ്ങള്‍..

The Mirage ഹോട്ടലിനു മുന്നിലെ വെള്ളച്ചാട്ടം..


സ്ട്രാറ്റോസ്ഫിയര്‍ ഹോട്ടലിന്റെ ടവര്‍. വെഗാസ്‌ സ്‌ട്രിപ്പിന്റെ ഒരറ്റത്തുള്ള ഈ ടവറിന്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച അതി മനോഹരമാണ്‌. മുപ്പതു സെക്കന്റില്‍ നൂറു നില കയറുന്ന അതിവേഗ ലിഫ്റ്റില്‍ കേറിയാല്‍ 107-ആം നിലയിലെ ഹോട്ടലിലും, അതിനു മുകളിലെ 109-ആം നിലയിലെ ഒബ്സര്‍വേഷന്‍ ഡെക്കിലും ചെന്നെത്താം. 1149 അടി ഉയരത്തിലുള്ള ഈ ഡെക്കാണത്രേ അമേരിക്കയിലേ ഏറ്റവും ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ഡെക്ക്‌.

ഈ ഡെക്കിനു മുകളില്‍ ധൈര്യ ശാലികളെ കാത്ത്‌ മൂന്നു ത്രില്‍ റൈഡുകള്‍ കാത്തിരിക്കുന്നുണ്ട്‌. ഇന്‍സാനിറ്റി, എക്സ്‌-സ്ക്രീം, ബിഗ്‌ ഷോട്ട്‌ എന്നു പേരിട്ടു വിളിക്കുന്ന ഇവ കയറുന്നവരുടെ ധൈര്യം ശരിക്കും പരീക്ഷിക്കും. 3 ജി ശക്തിയില്‍, എഴുപതു ഡിഗ്രി കോണില്‍ ടവറില്‍ നിന്നും പുറത്തേക്കു തൂങ്ങിക്കിടന്നു വട്ടത്തില്‍ കറങ്ങുന്ന ഇന്‍സാനിറ്റി, ചെരിഞ്ഞു കരങ്ങുന്ന ഒരു സ്ലിംഗ്‌ റൈഡാണ്‌. ഇനി ഇതു പോരെന്നുള്ളവര്‍ക്കു ടവറില്‍ നിന്നും ഇരുപത്തേഴടി പുറത്തേക്ക്‌ തുറന്ന വാഹനത്തിലിരുത്തി ഉന്തിയിടുന്ന എക്സ്‌-സ്ക്രീം പരീക്ഷിക്കാം. ചെരിഞ്ഞ റെയിലിങ്ങില്‍ നിന്നും ഓടി വന്നു ബില്‍ഡിങ്ങിന്റെ പുറത്തേക്കു തള്ളി നില്‍ക്കുന്ന അറ്റത്തു ചെന്നു ബ്രേക്കിട്ടു നിര്‍ത്തുന്ന വാഹനം, തിരിച്ചു പോക്കിനിടെ കയറുപൊട്ടിയെന്നോണം വീണ്ടും താഴേക്കു പതിക്കുമ്പോഴാണ്‌ അതിന്റെ പേര്‍ അന്വര്‍ത്ഥമാകുന്നത്‌.. ടവറിന്റേ ഏറ്റവും മുകളില്‍ ഒരു സൂചിമുന പോലെ നില്‍ക്കുന്ന നൂറ്റി അറുപതടി ഉയരത്തുള്ള ബിഗ്‌ ഷോട്ട്‌ എന്ന റൈഡില്‍ കയറിയിരിക്കുന്നയാളെ വായുവിന്റെ ബലത്തിലേറി മുകളിലേക്കു പറപ്പിക്കും.


ലാസ്‌വെഗാസ്‌ സ്‌ട്രിപ്‌, സ്ട്രാറ്റോസ്ഫിയറിന്റെ മുകളില്‍ നിന്ന്‌നടുക്കു കാണുന്ന പിരമിഡാണ്‌ ലക്സര്‍. അതിന്റെ മുകളിലാണ്‌ മനുഷ്യ നിര്‍മ്മിതമായ, പൊതു സ്ഥലത്തുള്ള, ഏറ്റവും ശക്തിയുള്ള പ്രകാശ രശ്മി എന്ന്‌ അവര്‍ അവകാശപ്പെടുന്നു. ആകാശത്തില്‍ പത്തു കിലോമീറ്റര്‍ മുകളില്‍ ഇരുന്നു പത്രം വായിക്കാനും മാത്രം ശക്തിയുള്ളതത്രേ ഇത്‌. ലക്സറിലെ ആട്രിയം, ലോകത്തിലേ ഏറ്റവും വലിയ ആട്രിയം ആണെന്നു പറയപ്പെടുന്നു.


ട്രെഷര്‍ ഐലന്റിലെ കടല്‍ക്കൊള്ളക്കാരുടെ കപ്പല്‍.. വൈകീട്ട്‌ ഇവിടെ പൊതുജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ ഉണ്ട്‌
എക്സ്‌കാലിബര്‍ ഹോട്ടല്‍